ന്യൂഡൽഹി: ലോക്സഭയിലും നിയമസഭയിലും 50 ശതമാനം സീറ്റ് വർധിപ്പിക്കുന്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസിന്റെ സംഘടനാകാര്യ ജനറൽ സെക്രട്ടറി ജയറാം രമേശ് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
തന്റെ പ്രസ്താവനകളിലൂടെ പ്രധാനമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.സീറ്റ് വർധിപ്പിക്കുന്നത് എങ്ങനെ ദോഷകരമായി ബാധിക്കും എന്ന് ഉദാഹരണമടക്കം ചൂണ്ടിക്കാട്ടി ആയിരുന്നു ജയറാം രമേശിന്റെ വിമർശനം. നിലവിൽ കേരളവും ഉത്തർപ്രദേശും തമ്മിൽ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിലെ അന്തരം 60 ആണ്.
ഇരു സംസ്ഥാനങ്ങളിലും 50 ശതമാനം വീതം സീറ്റ് വർധന ഉണ്ടാകുന്പോൾ കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം 20ൽ നിന്ന് 30 ആയി വർധിക്കും. ഉത്തർപ്രദേശിൽ 80ൽ നിന്ന് 120 ആയി കൂടും. അപ്പോൾ ഇരു സംസ്ഥാനവും തമ്മിലുള്ള സീറ്റുകളുടെ അന്തരം 90 ആയി വർധിക്കുമെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.രാജ്യം ഗുരുതര സാന്പത്തിക പ്രതിസന്ധി നേരിടുന്പോഴും വിദേശനയത്തിൽ വിള്ളൾ സംഭവിക്കുന്പോഴും ഈവിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മോദി സർക്കാർ സ്വീകരിക്കുന്നതെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.